05:15am 06 November 2026
NEWS
കൊല്ലം–കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം മരവിപ്പിച്ചു
05/11/2026  09:02 PM IST
nila
കൊല്ലം–കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടാനുള്ള തീരുമാനം മരവിപ്പിച്ചു

 

തിരുവനന്തപുരം: യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് കൊല്ലം–കോട്ടയം മെമു ട്രെയിൻ എറണാകുളത്തേക്ക് നീട്ടാനുള്ള നീക്കം റെയിൽവേ മന്ത്രാലയം താൽക്കാലികമായി മരവിപ്പിച്ചു. കൊടിക്കുന്നിൽ സുരേഷ് എംപിയാണ് ഇക്കാര്യം അറിയിച്ചത്. റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ എന്നിവരുമായി നടത്തിയ ചർച്ചയിലാണ് തീരുമാനമുണ്ടായതെന്ന് അദ്ദേഹം വ്യക്തമാക്കി.

നിലവിൽ കൊല്ലം–കോട്ടയം റൂട്ടിലെ സ്ഥിരം യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടുന്ന സർവീസ് നീട്ടുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. നിലവിലെ മെമു സർവീസ് മാറ്റമില്ലാതെ തുടരാനും അധിക യാത്രക്കാരുടെ തിരക്ക് പരിഹരിക്കാൻ ബദൽ സംവിധാനം ഒരുക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കാനും റെയിൽവേ മന്ത്രി ഉറപ്പുനൽകിയതായി എംപി പറഞ്ഞു.

വേണാട് എക്‌സ്പ്രസിലെ കടുത്ത തിരക്കും യാത്രാദുരിതവും പരിഹരിക്കണമെന്ന ആവശ്യത്തിന് പുതിയ ട്രെയിൻ അനുവദിക്കുന്നതിന് പകരം കൊല്ലം–കോട്ടയം മെമു എറണാകുളത്തേക്ക് നീട്ടാനായിരുന്നു റെയിൽവേയുടെ നീക്കം. ഇതാണ് യാത്രക്കാരുടെ പ്രതിഷേധത്തിന് കാരണമായത്. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഇടപെടലാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെന്നും കൊടിക്കുന്നിൽ സുരേഷ് ആരോപിച്ചു.

വൈകുന്നേരങ്ങളിൽ കോട്ടയം ഭാഗത്തുനിന്ന് കൊല്ലത്തേക്കും കൊല്ലം ഭാഗത്തുനിന്ന് വിവിധ സ്റ്റേഷനുകളിലേക്കും യാത്ര ചെയ്യുന്ന നിരവധി പേർ നിലവിലെ മെമു സർവീസിനെ ആശ്രയിക്കുന്നുണ്ട്. ട്രെയിൻ എറണാകുളത്തേക്ക് നീട്ടുന്നത് ഇവരുടെ യാത്രാസമയത്തെയും സൗകര്യങ്ങളെയും ബാധിക്കുമെന്ന ആശങ്കയും ശക്തമായിരുന്നു.

വൈകുന്നേരങ്ങളിൽ എറണാകുളത്തുനിന്ന് കോട്ടയം വഴി കൊല്ലത്തേക്ക് വേണാട് എക്‌സ്പ്രസിന് മുമ്പായി പുതിയൊരു ട്രെയിൻ അനുവദിക്കണമെന്നാണ് കൊടിക്കുന്നിൽ സുരേഷ് എംപി റെയിൽവേ മന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. നിലവിലുള്ള സർവീസിനെ ബാധിക്കാതെ യാത്രാത്തിരക്ക് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img